കര്‍ക്കറെ നല്ല ഉദ്യോഗസ്ഥനായിരുന്നില്ല; ആര്‍എസ്എസുകാരെ പ്രതികളാക്കിയത് കോണ്‍ഗ്രസിന് വേണ്ടി; പ്രജ്ഞയ്ക്ക് പിന്നാലെ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് സുമിത്രാ മഹാജന്‍

ദിഗ്‌വിജയ് സിങിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസുകളില്‍ പ്രതികളാക്കിയതെന്നും സുമിത്രാ മഹാജന്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ വീണ്ടും അപമാനിച്ച് ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂറിന് പിന്നാലെ കര്‍ക്കറയ്‌ക്കെതിരെ ആരോപണങ്ങളുമായി സ്പീക്കറും ബിജെപിയുടെ ഇന്‍ഡോറില്‍ നിന്നുള്ള എംപിയുമായ സുമിത്രാ മഹാജനാണ് ഇത്തവണ രംഗത്തെത്തിയത്. കര്‍ക്കറെ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടതുകൊണ്ട് രക്തസാക്ഷിയാകാം, എന്നാല്‍ അദ്ദേഹം നല്ല ഉദ്യോഗസ്ഥനായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ നടപടികളില്‍ സംശയമുണ്ടെന്നും സുമിത്രാ മഹാജന്‍ ആരോപിച്ചു. കര്‍ക്കറെ നല്ല ഉദ്യോഗസ്ഥനായിരുന്നില്ല എന്നതിന് ബിജെപിക്ക് സംശയമേതുമില്ലെന്നും അവര്‍ പറഞ്ഞു.

കര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ സുഹൃത്തായിരുന്നു. ദിഗ്‌വിജയ് സിങിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസുകളില്‍ പ്രതികളാക്കിയതെന്നും സുമിത്രാ മഹാജന്‍ ആരോപിച്ചു.

അതേസമയം, രാജ്യം അശോക ചക്ര നല്‍കി ആദരിച്ച ഹേമന്ത് കര്‍ക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്ന് ദിഗ് വിജയ് സിങ് പ്രതികരിച്ചു. ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയാണ് ദിഗ്‌വിജയ് സിങ്.

Exit mobile version