കോണ്‍ഗ്രസ് പിരിട്ടുവിടണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം വൈകാതെ രാഹുല്‍ നിറവേറ്റും! പരിഹാസവുമായി ശിവ്‌രാജ് സിങ് ചൗഹാന്‍

കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചു വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഗാന്ധിജിയുടെ സ്വപ്നം രാഹുല്‍ സഫലമാക്കുമെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ പരിഹസിച്ചു.

ഇന്‍ഡോര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ വര്‍ഷവുമായി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാന്‍. സ്വാതന്ത്ര്യം നേടിയതിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചു വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഗാന്ധിജിയുടെ സ്വപ്നം രാഹുല്‍ സഫലമാക്കുമെന്ന് ശിവ്‌രാജ് സിങ് ചൗഹാന്‍ പരിഹസിച്ചു.

‘രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം, മഹാത്മാ ഗാന്ധി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. എനിക്ക് തോന്നുന്നത് ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ കൈകള്‍ തന്നെ നിര്‍വ്വഹിക്കുമെന്നാണ്’- ചൗഹാന്റെ വാക്കുകള്‍ ഇങ്ങനെ.

കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് റെക്കോര്‍ഡ് തീര്‍ത്തെന്നും ചൗഹാന്‍ വിമര്‍ശിച്ചു. ഇന്‍ഡോറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ചൗഹാന്‍ രാഹുലിനെതിരെ ആഞ്ഞടിച്ചത്.

മോഡിക്കെതിരെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് ഒരു നേതാവ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മോഡിയെ അപകീര്‍ത്തിപ്പെടുത്തിയതിന് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞെന്നും ചൗഹാന്‍ റാലിയില്‍ അവകാശപ്പെട്ടു.

Exit mobile version