നാമക്കലിലെ നഴ്‌സിന്റെ ‘കുട്ടി വില്‍പ്പന’: കുട്ടികള്‍ക്ക് വിലയിട്ടത് മൂന്നര ലക്ഷം മുതല്‍; ശ്രീലങ്കയിലേക്ക് ഒരു കുട്ടിയെ വിറ്റത് എട്ടു ലക്ഷത്തിന്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണു കുട്ടികളെ ഇവര്‍ ആവശ്യക്കാര്‍ക്കു വിറ്റിരുന്നതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ചെന്നൈ: കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ കേസില്‍ നാമക്കലിലെ ദമ്പതിമാര്‍ക്ക് പിന്നാലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ, കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കുട്ടിയെ വാങ്ങിച്ച ദമ്പതികളെ കേസിലെ മുഖ്യ കണ്ണിയായ രാശിപുരം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുന്‍ നഴ്‌സ് അമുദയ്ക്കു പരിചയപ്പെടുത്തിയ രണ്ടു പേരാണു അറസ്റ്റിലായത്. രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണു കുട്ടികളെ ഇവര്‍ ആവശ്യക്കാര്‍ക്കു വിറ്റിരുന്നതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളില്‍നിന്നു 7000 മുതല്‍ 30,000 വരെ രൂപയ്ക്കാണു കുട്ടികളെ വാങ്ങിയിരുന്നത്. ഒന്നര ലക്ഷത്തോളം രൂപ പ്രധാന കണ്ണി അമുദയ്ക്കുള്ള കമ്മീഷനാണ്. മറ്റുള്ളവര്‍ക്ക് 15,000 രൂപ മുതല്‍ 25,000 രൂപ വരെ ലഭിക്കും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ 70,000 രൂപ വരെയാണു കുട്ടികളെ വാങ്ങുന്നവരില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതില്‍ നല്ലൊരു പങ്ക് തട്ടിപ്പിനു കൂട്ടു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൈക്കൂലിയായി നല്‍കി.

ഇതിനിടെ, ഈ സംഘം ഒന്നര വര്‍ഷം മുമ്പ് ഒരു കുട്ടിയെ എട്ടു ലക്ഷം രൂപയ്ക്കു ശ്രീലങ്കയില്‍നിന്നുള്ള ദമ്പതികള്‍ക്കു വിറ്റതായി പരാതിയും ഉയര്‍ന്നു. നാമക്കലില്‍നിന്നുള്ള അഭിഭാഷകനാണു പോലീസില്‍ പരാതി നല്‍കിയത്. രാശിപുരത്ത് അമുദ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസവിച്ച കുട്ടിയെയാണു വിറ്റത്. നാമക്കല്‍ സ്വദേശികളായ ദമ്പതികളുടേതായിരുന്നു കുഞ്ഞ്. ശ്രീലങ്കയില്‍നിന്നുള്ള ദമ്പതികള്‍ തിരുപ്പൂരിലെ വ്യാജ വിലാസമുണ്ടാക്കിയാണു കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം.

ഈ കേസില്‍ മാത്രമല്ല, സംശയമുണര്‍ന്ന ഒരുപാട് കേസുകളെ സംബന്ധിച്ച് വിവരം ലഭിക്കാന്‍, രണ്ടു വര്‍ഷത്തിനിടെയുള്ള മുഴുവന്‍ ജനന സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. അമുദ, ഭര്‍ത്താവ് രവി ചന്ദ്രന്‍, കൊള്ളില സര്‍ക്കാര്‍ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ മുരുകേശന്‍ എന്നിവരാണു കുട്ടികളെ വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാന കണ്ണികളെന്നാണു നിഗമനം. അറസ്റ്റിലായ മറ്റു 6 പേര്‍ ദമ്പതികളെ ഇവര്‍ക്കു പരിചയപ്പെടുത്തിയവരാണ്. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും ഇതിലുള്‍പ്പെടും.

Exit mobile version