കല്ലട മര്‍ദ്ദനത്തില്‍ ഗുണകരമായ വഴിത്തിരിവ്; കേരളത്തില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പ്രതിവാര തീവണ്ടി അനുവദിച്ചേക്കും, റെയില്‍വേ തീരുമാനം ഇങ്ങനെ

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകള്‍ വേണമെന്ന് കേരളം ശക്തിയായി വാദിച്ചു

ന്യൂഡല്‍ഹി: കല്ലട ബസിലെ മര്‍ദ്ദനത്തിന് ഗുണകരമായ മറ്റൊരു വഴിത്തിരിവ് കൂടി. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പ്രതിവാര തീവണ്ടി അനുമതിച്ചേക്കുമെന്ന് പുതിയ വിവരം. കല്ലട ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ തീരുമാനം കൈകൊണ്ടതെന്നാണ് വിവരം. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യത ഏറിയത്.

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകള്‍ വേണമെന്ന് കേരളം ശക്തിയായി വാദിച്ചു. എന്നാല്‍ ഈ ആവശ്യം റെയില്‍വേ തള്ളി. പക്ഷേ നിലവിലെ സാഹചര്യം പരിഗണിച്ച് ബംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയില്‍വേ എടുത്തതായി ജ്യോതിലാല്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പോ അതിനു ശേഷമോ പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പ്രഖ്യാപനം ഉണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ പ്രതിവാര തീവണ്ടിക്കുള്ള സാധ്യതയും സമയക്രമവും പരിശോധിച്ച് റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡ് ആസ്ഥാനത്ത് നിന്നും ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രീതിയിലാവണം ട്രെയിനിന്റെ സമയക്രമം എന്നാണ് നിര്‍ദേശം. പ്രതിവാര തീവണ്ടികള്‍ പലതും ദിവസേനയുള്ള സര്‍വീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയില്‍വേക്ക് മുന്നിലുണ്ടെങ്കിലും ഇതേ വരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

Exit mobile version