ഡല്‍ഹിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ മെയ് 20ന്; വരുന്നവര്‍ കേരളാ ഹൗസില്‍ ബന്ധപ്പെടണം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രതിസന്ധി മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ മെയ് 20ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രാ തീവണ്ടികള്‍ക്ക് പുറമേയുള്ള പ്രത്യേക ട്രെയിനാണ് ഇത്.

ഡല്‍ഹിയിയില്‍ ക്വാറന്റൈന്‍ സെന്ററുകളാക്കുന്നതിനാല്‍ ഹോസ്റ്റലുകള്‍ ഒഴിയാന്‍ പല കോളേജുകളും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരടക്കം പലയിടത്തും കുടുങ്ങിക്കിടക്കുന്നുമുണ്ടായിരുന്നു. ഇവര്‍ക്കെല്ലാമുള്ള തീവണ്ടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, മെയ് 20-ന് പുറപ്പെടുന്ന തീവണ്ടിയുടെ സമയക്രമം ഇതുവരെ അറിയിച്ചിട്ടില്ല. പക്ഷേ ഇതില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് കേരളാ ഹൗസില്‍ വിവരമറിയിക്കണം.

നാട്ടിലേക്ക് വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡല്‍ഹിയിലുള്ള വ്യക്തികള്‍ക്കാണ് അവസരമുണ്ടാകുക. < Norka ID > < Name> എന്നീ വിവരങ്ങള്‍ (17.05.2020) രാവിലെ 10 മണിക്ക് മുമ്പായി 8800748647 എന്ന നമ്പരില്‍ എസ് എം എസ് ചെയ്യണമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു. ഇതിനകം മെസേജ് അയച്ചിട്ടുള്ളവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മെസേജ് അയയ്‌ക്കേണ്ടതില്ല.

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്തിക്കാനുള്ള ട്രെയിനിന് കേരളം നേരത്തേ എന്‍ഒസി നല്‍കിയിരുന്നു. ടിക്കറ്റ് തുക യാത്രക്കാര്‍ വഹിക്കണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നോഡല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. യാത്രക്കാരെ സ്റ്റേഷനില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും കേരളം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Exit mobile version