സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ അഞ്ച് സ്‌പെഷ്യല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും; ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിക്കും

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ കേരളത്തിനകത്തും കേരളത്തില്‍നിന്ന് പുറത്തേക്കുമായി അഞ്ചു സ്‌പെഷ്യല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും.

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (ആഴ്ചയില്‍ അഞ്ചുദിവസം), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (ദിവസേന), മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (ദിവസേന), നിസാമുദ്ദീന്‍-എറണാകുളം മംഗളാ എക്‌സ്പ്രസ് (ദിവസേന), നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് (ആഴ്ചയില്‍ ഒന്ന്) എന്നിവയാണ് ഈ വണ്ടികള്‍. എല്ലാ വണ്ടികളും സ്പെഷ്യല്‍ വണ്ടികളായി നിലവിലെ റൂട്ടില്‍ തന്നെയാണ് സര്‍വീസ് നടത്തുക. എസി, നോണ്‍ എസി കോച്ചുകള്‍ ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിമാത്രമേ ലഭിക്കുകയുള്ളൂ. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിക്കും. അതേസമയം തത്ക്കാല്‍ ടിക്കറ്റ് ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ 200 സ്പെഷ്യല്‍ നോണ്‍ എസി വണ്ടികള്‍ ഓടിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് 100 വണ്ടികളുടെ പട്ടിക റെയില്‍വേ ബോര്‍ഡ് ബുധനാഴ്ച രാത്രി പുറത്തിറക്കിയത്. അതേസമയം ഈ ട്രെയിനുകളില്‍ യാത്രചെയ്യാന്‍ നേരത്തേ ടിക്കറ്റ് റിസര്‍വ് ചെയ്തുവെച്ചിട്ടുള്ളവര്‍ക്ക് അതു സാധ്യമാവില്ലെന്നും റെയില്‍വേ അറിയിച്ചു. ജൂണ്‍ 30 വരെ എല്ലാ റഗുലര്‍ ട്രെയിനുകളിലെയും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം റെയില്‍ സ്‌റ്റേഷനുകളിലെ ഭക്ഷണശാലകള്‍ തുറക്കാനും അനുമതിയായിട്ടുണ്ട്. എന്നാല്‍ ഭക്ഷണം പാര്‍സല്‍ ആയി മാത്രമേ നല്‍കുകയുള്ളൂ.

Exit mobile version