സ്‌പെഷ്യല്‍ ട്രെയിനില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി അഡ്വാന്‍സായി ബുക്ക് ചെയ്യാം

ബംഗളൂരു: ശ്രമിക് ട്രെയിനുകളില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി അഡ്വാന്‍സായി ബുക്ക് ചെയ്യാം. www.registerkaroots.org എന്ന വെബ്സൈറ്റ് മുഖേനയാണ് ടിക്കറ്റ് അഡ്വാന്‍സായി ബുക്ക് ചെയ്യാന്‍ സാധിക്കുക. ബംഗളൂരുവില്‍ നിന്നും നോണ്‍-എസി ചെയര്‍കാറിന് ആയിരം രൂപയാണ് തിരുവനന്തപുരത്തേയ്ക്കുള്ള ചാര്‍ജ്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഒരു സ്റ്റേഷനില്‍ നിന്ന് 1000 പേരുടെ ബുക്കിങ് ആയാല്‍ മാത്രമാണ് നോര്‍ക്ക ആ വിവരം റെയില്‍വെയെ അറിയിക്കുക. അത് അനുസരിച്ച് ട്രെയിന്‍ അനുവദിക്കുകയുമാണ് ചെയ്യുക. തുടര്‍ന്നാണ് ട്രെയിനിന്റെ വിശദാംശങ്ങള്‍ യാത്രക്കാരന് ലഭിക്കുക. ട്രെയിന്‍ അനുവദിക്കുന്ന മുറയ്ക്ക് ട്രെയിന്‍ നമ്പര്‍, യാത്ര നടത്തുന്ന തീയതി, സമയം, പിഎന്‍ആര്‍ നമ്പര്‍ തുടങ്ങിയവ മൊബൈലില്‍ ലഭിക്കും. ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലേയ്ക്കുള്ള എന്‍ട്രി പാസും ആവശ്യമാണ്. ഒരു യാത്രക്കാരന് ഒരു ടിക്കറ്റ് മാത്രമാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടുക 0484-6727755

അതേസമയം കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകളാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്.

Exit mobile version