അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കി തങ്ങള്‍ സ്വീകരിക്കും; എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരും സ്വപ്നം കാണേണ്ട; മോഡിക്ക് മറുപടിയുമായി മമത

പ്രത്യേക അവസരങ്ങളില്‍ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌ക്കാരമാണ്. എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും മമത പറഞ്ഞു.

ന്യൂഡല്‍ഹി: തനിക്ക് എല്ലാ വര്‍ഷവും മമത ബാനര്‍ജി ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമത രംഗത്ത്.

അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കി സ്വീകരിക്കാറുണ്ട്. എന്നാല്‍ ഒരു വോട്ട് പോലും ബിജെപിക്ക് നല്‍കില്ലെന്നായിരുന്നു മമതയുടെ മറുപടി. പ്രത്യേക അവസരങ്ങളില്‍ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌ക്കാരമാണ്. എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും മമത പറഞ്ഞു.

അതേസമയം, മോഡിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും ദീദി സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ തന്നു എന്നറിഞ്ഞപ്പോള്‍ മമത തനിക്ക് മധുരപലഹാരങ്ങള്‍ തരാന്‍ തുടങ്ങിയെന്നായിരുന്നു അക്ഷയ്കുമാറുമായുള്ള സംഭാഷണ പരിപാടിയ്ക്കിടെ മോഡി പറഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഇത് പറയാന്‍ പാടില്ലെന്നും ആളുകള്‍ ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാമെന്നും പറഞ്ഞുകൊണ്ടായിരുന്നു മമത സ്വന്തം ഇഷ്ടപ്രകാരമെടുത്ത കുര്‍ത്തകള്‍ തനിക്ക് സമ്മാനമായി അയച്ചുതരാറുണ്ടെന്ന് മോഡി പറഞ്ഞത്.

Exit mobile version