മോഡി ആദ്യ വാര്‍ത്താസമ്മേളനത്തിന് ഒരുങ്ങുന്നുവെന്ന് സൂചന; നിഷേധിച്ച് ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ത്താ സമ്മേളനം നടത്തുമെന്നു സൂചന. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഏപ്രില്‍ 26ന് മോഡി മാധ്യമങ്ങളെ കാണുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബിജെപി ഇക്കാര്യം നിഷേധിച്ചു.

2014ല്‍ അധികാരമേറ്റശേഷം മോഡി ഇതുവരെ വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല. മോഡി പല മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്താസമ്മേളനത്തിന് തയാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ സമീപനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പൊതുവേദികളില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വാര്‍ത്ത സമ്മേളനം നടത്തുമെന്നത് വ്യാജപ്രചാരണമാണെന്നും ബിജെപി വ്യക്തമാക്കി.

Exit mobile version