വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കാശ്മീരില്‍ നിന്ന് സ്ഥലം മാറ്റം!

മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ ഇന്ത്യയിലേയ്ക്ക് കൈമാറിയത്.

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കാശ്മീരില്‍ നിന്ന് സ്ഥലം മാറ്റം. കാശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് പാകിസ്താന്‍ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് അഭിനന്ദന്‍ മൂന്ന് ദിവസത്തോളം പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ ഇന്ത്യയിലേയ്ക്ക് കൈമാറിയത്. പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തെ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്‍ വ്യോമസേന ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കാനെത്തിയ കാര്യം മനസിലാക്കി ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചിരുന്നു.

ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താനില്‍ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു.

Exit mobile version