ശൂന്യം..! ശ്രീനഗറിലെ 90 ബൂത്തുകളില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല

സോനവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ശ്രീനഗര്‍: ഒരാള്‍ പോലും വോട്ടു ചെയ്യാന്‍ ഇല്ലാതെ ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ 90 ബൂത്തുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് വോട്ടു ചെയ്യാന്‍ ആരും എത്താതിരുന്നത്. ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നിട്ടില്ല.

സോനവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സോനവാറില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും വോട്ട് ചെയ്തു. 2017ലെ ഉപതെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്ന ബുദ്ഗാമില്‍ ഇത്തവണ 13 ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറില്‍ ആകെ 14.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014-ലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശ്രീനഗറിലായിരുന്നു.

25.86 ശതമാനമായിരുന്നു അന്ന് പോളിങ്. 2017- ഉപതെരഞ്ഞെടുപ്പില്‍ ഇത് 7.2 % ആയി കുറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സിറ്റിങ് എംപിയുമായ ഫാറൂഖ് അബ്ദുള്ള ഇവിടെ വീണ്ടും മത്സരിക്കുന്നുണ്ട്. പിഡിപിക്കായി സയിദ് മുഹ്സിനും ബിജെപിക്കായി ഖാലിദ് ജഹാംഗീറും പ്യൂപ്പിള്‍സ് കോണ്‍ഫറന്‍സിനായി ഇര്‍ഫാന്‍ അന്‍സാരിയും മത്സരിക്കുന്നുണ്ട്.

Exit mobile version