കേന്ദ്രത്തിലും ‘വലിച്ച് താഴെയിടല്‍’; മോഡി സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന

മുംബൈ: വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ഇടഞ്ഞ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട് ശിവസേന. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

സര്‍ക്കാര്‍ നിലനില്‍ക്കുക എന്നതിനേക്കാള്‍ ക്ഷേത്ര നിര്‍മാണം നടക്കണം എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടുന്നില്ല- ഉദ്ധവ് ചോദിച്ചു

‘സംഘപരിവാര്‍ അജണ്ടകള്‍ മുഴുവന്‍ മോഡി സര്‍ക്കാര്‍ അവഗണിക്കുകയാണ്. മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയം കണക്കിലെടുത്തിട്ടില്ല. ശിവസേന വിഷയം ഏറ്റെടുക്കുകയും ക്ഷേത്രനിര്‍മാണത്തിനായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് ആര്‍എസ്എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയത്’- ഉദ്ധവ് താക്കറെ പറഞ്ഞു.

രാമക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചനയുമായി നേരത്തെ ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും എന്നാല്‍ വൈകാതെ ശുഭകരമായ വാര്‍ത്ത ഉണ്ടാകുമെന്നുമായിരുന്നു ആര്‍എസ്എസ് പറഞ്ഞത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ആര്‍എസ്എസ് നേതാവന് ഭയ്യാജി ജോഷി നടത്തിയ പ്രതികരണത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചന നല്‍കിയത്.

കോടതി വിധി വൈകുന്നത് ഹൈന്ദവവികാരത്തിനെതിരാണ്. ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം നടത്തുമെന്നായിരുന്നു ഭയ്യാജി ജോഷി പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയലാഭത്തിനായി വീണ്ടും രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയും സംഘപരിവാര്‍ പാര്‍ട്ടികളും ഉപയോഗിക്കുകയാണ്.

Exit mobile version