‘ഭായിയോം ഔര്‍ ബഹനോം’; മോഡിയെ കിടിലനായി ട്രോളി ലാലു പ്രസാദ് യാദവ്;സോഷ്യല്‍മീഡിയയില്‍ വൈറലായി ഡബ്‌സ്മാഷ് വീഡിയോ!

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വ്യക്തിപരമായി ട്രോളിയാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യം ബിജെപി സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കളത്തില്‍ പോരാട്ടം കാഴ്ചവെയ്ക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വ്യക്തിപരമായി ട്രോളിയാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ് വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മോഡി പ്രഭാഷണങ്ങള്‍ തുടങ്ങുന്ന ഭായിയോം ഔര്‍ ബഹനോം എന്ന ഡയലോഗ് അനുകരിച്ചാണ് ലാലുപ്രസാദ് യാദവ് തന്റെ വീഡിയോയും തുടങ്ങുന്നത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ലാലുപ്രസാദ് യാദവ് പോസ്റ്റ് ചെയ്തത്.

അഛേദിന്‍ മുദ്രാവാക്യവും എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കാമെന്ന വിവാദ വാഗ്ദാനത്തെയുമൊക്കെ ലാലു പ്രസാദ് പരിഹസിക്കുന്നുണ്ട്. ദേശീയമാധ്യമങ്ങളിലും ലാലുവിന്റെ ഡബ്‌സ്മാഷ് വാര്‍ത്തയായി. അതേസമയം, വീഡിയോ എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുകയാണ്. അതുകൊണ്ടു തന്നെ മുമ്പെടുത്ത വീഡിയോയാണെന്നാണ് സൂചന

Exit mobile version