കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റു; വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കും; നിയമം എടുത്തുകളയുമെന്ന് പറഞ്ഞ കോണ്‍ഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നേരത്തെ, നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമായ രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ഇത് വിഘടനവാദികളെ സഹായിക്കാനാണ് എന്നാണ് ബിജെപിയുടെ ആരോപണം. ‘കോണ്‍ഗ്രസ് പറയുന്നത് രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്നാണ്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന രാജ്യദ്രോഹികളോട് നമുക്ക് ക്ഷമിക്കാനാവുമോ?, ഞങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കും.’- ഗുജറാത്തിലെ ഗാന്ധിധാമില്‍ പ്രസംഗിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.

കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അനുവദിക്കാതിരുന്ന നെഹ്റുവാണ് കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരനെന്നും പ്രസംഗത്തിനിടെ രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

ജമ്മു കാശ്മീരിന് പ്രത്യേകമായി പ്രധാനമന്ത്രിയെന്ന ആവശ്യം ഉന്നയിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയേയും വിമര്‍ശിച്ച രാജ്നാഥ് ഇങ്ങനെയാണെങ്കില്‍ കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വവലിക്കുമെന്നും ഭീഷണിപ്പെടുത്തി.

കൂടാതെ, മോഡി സര്‍ക്കാര്‍ അഴിമതിയെ വേരോടെ പറിച്ചെറിയാന്‍ വേണ്ട നടപടികള്‍ എടുത്തെന്നും രാജ്നാഥ് പറഞ്ഞു.

Exit mobile version