‘സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നു’; മുന്‍ സൈനിക തലവന്‍മാരുടെ കത്തിനെ ചൊല്ലി വിവാദം കത്തുന്നു

കത്തില്‍ ഒപ്പിട്ടിരിക്കുന്നത് താന്‍ തന്നെയാണെന്ന് മുന്‍ നാവികസേനാ മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് മുന്‍ സൈനികര്‍ അയച്ച കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്. സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി വിവാദവും ഇതിനോടൊപ്പം കത്തി കയറുകയാണ്. കത്തിനെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് വിശദീകരിച്ച് മുന്‍ സൈനിക മേധാവി സുനീത് ഫ്രാന്‍സിസ് റോഡ്രിഗസും മുന്‍ വ്യോമസേനാ മേധാവി എന്‍സി സൂരിയും രംഗത്തെത്തി. എന്നാല്‍ കത്തില്‍ ഒപ്പിട്ടിരിക്കുന്നത് താന്‍ തന്നെയാണെന്ന് മുന്‍ നാവികസേനാ മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരമൊരു കത്ത് പ്രചരിക്കുന്നതായി അറിഞ്ഞെന്നും എന്നാല്‍ അത്തരമൊരു കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി ഭവന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അതേസമയം, കത്തെഴുതിയ എല്ലാ മുന്‍ സൈനികരെയും പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ സഹായകരമാണ് ഈ കത്തെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

150 ലധികം മുന്‍ സൈനികര്‍ ഒപ്പിട്ടെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കത്തില്‍ രാഷ്ട്രീയലാഭത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെടുന്നത്. ബലാക്കോട്ടില്‍ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈനികരെ ‘മോഡിയുടെ സേന’ എന്ന് പരാമര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം എടുത്തു പറഞ്ഞാണ് കത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

അടിയന്തരമായി ഇടപെടണമെന്നും സേനകളെക്കുറിച്ചുള്ള പരാമര്‍ശം രാഷ്ട്രീയക്കാര്‍ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version