തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

വൈകീട്ട് കോഴിക്കോട് പൊതുയോഗത്തില്‍ പങ്കെടുക്കുന്ന മോഡി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തില്‍. വൈകീട്ട് കോഴിക്കോട് പൊതുയോഗത്തില്‍ പങ്കെടുക്കുന്ന മോഡി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും.

വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോഡി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക.

അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയത്തിലുള്ള മേല്‍കൈ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version