ബിജെപി-കോണ്‍ഗ്രസ് വ്യത്യാസമില്ല; ഗുജറാത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്‍; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേര്‍ മാത്രം സാധാരണക്കാര്‍!

ഗാന്ധിനഗര്‍: ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിന്റേയും പണം ചെലവഴിക്കുന്നതിന്റേയും കണക്കുപുസ്തകമാണ്. ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളില്‍ അഞ്ചുപേരൊഴിച്ച് ബാക്കി എല്ലാവരും കോടീശ്വരന്മാരാണ്. കോടിപതികളല്ലാത്ത അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ നാലുപേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ എന്നതും ശ്രദ്ധേയം. ഒരു കോടിയില്‍ താഴെ സ്വത്തുള്ള ഇവര്‍ മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ സാധാരണക്കാര്‍. ഇതില്‍ മൂന്നു പേര്‍ കോണ്‍ഗ്രസിലും രണ്ടുപേര്‍ ബിജെപിയില്‍ നിന്നുള്ളവരുമാണ്. 26 ലോക്സഭാ സീറ്റുകളുള്ള ഗുജറാത്തില്‍ 573 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

മെഹ്സാനയില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലാണ് കൂട്ടത്തില്‍ സമ്പന്നന്‍. സ്വത്ത് 69.9 കോടിയാണ്. ബിജെപി നേതാവും നവസാരി എംപിയുമായ ചന്ദ്രകാന്ത് പട്ടേലിന്റെ സ്വത്ത് 44.6 കോടിയാണ്. ജംനഗറില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി പൂനം മദാം 42.7കോടിയുടെ സ്വത്ത് വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അംബലാലിന്റെ എതിരാളി ബിജെപിയുടെ ശാരദാബെന്‍ പട്ടേലിന് 44 കോടിയാണ് സ്വത്ത്. പോര്‍ബന്ദറില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ധദുക്കിന് 35.75 കോടിയുടെ സ്വത്തുണ്ട്. ഏപ്രില്‍ 23നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 23നും.

Exit mobile version