ഏതു തരം ആള്‍ ആയിക്കോട്ടെ, പക്ഷേ ഞാന്‍ മോഡിയെ സ്‌നേഹിക്കുന്നു, പക്ഷേ തിരിച്ച് അങ്ങനെ അല്ല; ‘പരിഭവം’ പറഞ്ഞ് രാഹുല്‍ ഗാന്ധി

നേരത്തേയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെക്കുറിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു.

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു അംശം പോലും മോഡിയ്ക്ക് തിരിച്ച് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പുനെയില്‍ നടന്ന പൊതു പരിപാടിയിലായിരുന്നു രാഹുല്‍ തുറന്ന് പറഞ്ഞത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏതു തരം ആളുമായിക്കൊള്ളട്ടെ, ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചങ്ങനെയല്ല. അതിലൊരു വ്യത്യാസം നിലനില്‍ക്കുന്നു’- രാഹുല്‍ പറഞ്ഞു. താന്‍ ചെറു പ്രായത്തില്‍ തന്നെ നിരവധി ആക്രമണങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നെന്നും രാഹുല്‍ പറയുന്നു. ‘എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു, എന്റെ പിതാവും കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് ആര്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിയില്ല’- രാഹുല്‍ പറയുന്നു.

നേരത്തേയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെക്കുറിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു. എത്രയെല്ലാം കളിയാക്കിയാലും തിരികെ സ്‌നേഹിക്കുക മാത്രമാണ് ചെയ്യുകയെന്നാണ് രാഹുല്‍ പറഞ്ഞത്. അതിനു ശേഷം പാര്‍ലമെന്റില്‍ വെച്ച് മോഡിയെ രാഹുല്‍ കെട്ടിപ്പുണരുകയും ചെയ്തിരുന്നു. അന്ന് അത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ വാക്കുകളാല്‍ മോഡിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍.

Exit mobile version