ബിജെപി, കോണ്‍ഗ്രസ്, ബിജെഡി; പാര്‍ട്ടി ഏതായാലും സ്ഥാനാര്‍ത്ഥികളും എതിരാളികളും ബന്ധുക്കള്‍; തെരഞ്ഞെടുപ്പ് ഒഡീഷയ്ക്ക് ‘കുടുംബ കാര്യമാണ്’!

ഭുവനേശ്വര്‍: കോണ്‍ഗ്രസോ ബിജെപിയോ ഇനി സംസ്ഥാനം ഭരിക്കുന്ന ബിജെഡിയോ ഏത് പാര്‍ട്ടിയുടെ തന്നെ കാര്യമെടുത്താലും ഒഡീഷയ്ക്ക് രാഷ്ട്രീയമെന്നാല്‍ കുടുംബകാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് വരുന്ന ഒഡീഷയില്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളായി എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നത് ബന്ധുക്കളെയാണ്. തിരിച്ചും ഇതുതന്നെയാണ് അവസ്ഥ.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ (ബിജെഡി) ബൊലാംഗിര്‍ നിയമസഭാ-ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കി ഇറക്കിയിരിക്കുന്നത് സഹോദരന്മാരായ കലികേഷ് നാരായണ്‍ സിങ് ദിയോയേയും അര്‍ക്കേഷ് സിങ് ദിയോയേയുമാണ്. കലികേഷ് ബൊലാംഗിര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയാണെങ്കില്‍, പക്ഷേ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ അര്‍ക്കേഷിന് ഇത് രാഷ്ട്രീയത്തിലെ കന്നി അങ്കമാണ്. ഇവരുടെ പിതാവായ അനങ്ക ഉദയ സിങ് ദിയോ 2014 മുതല്‍ 2018 വരെ ബിജെഡിയുടെ രാജ്യസഭാ എംപിയുമായിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ദിയോ സഹോദരന്മാര്‍ക്ക് എതിരാളികളായി ബൊലാംഗിറില്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നതും ബന്ധുക്കളെ തന്നെയാണ്. സഹോദരന്മാരെയല്ല, പകരം അച്ഛനും മകനും സീറ്റ് നല്‍കി ചെക്ക് പറഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവായ നരസിങ്ക മിശ്രയ്ക്കും മകന്‍ സമരേന്ദ്ര മിശ്രയ്ക്കുമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. സമരേന്ദ്രയും രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. എന്നാല്‍ ലോക്‌സഭയിലേക്ക് തുടര്‍ച്ചയായി രണ്ടുതവണ വിജയം സ്വന്തമാക്കിയ കലികേഷിനെതിരെയാണ് സമരേന്ദ്രയുടെ അരങ്ങേറ്റ പോരാട്ടം.

ഒഡീഷ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്ക് ഗാസിപുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ നവജ്യോതി പട്‌നായിക്കിന് ബാലസോര്‍ ലോക്‌സഭാ മണ്ഡലത്തിലെ ടിക്കറ്റാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

സമാനമാണ് ഭക്ത ചരണ്‍ ദാസിന്റേയും മകന്‍ സാഗര്‍ ചരണ്‍ ദാസിന്റേയും സ്ഥാനാര്‍ത്ഥിത്വവും. മുന്‍ കേന്ദ്രമന്ത്രി ഭക്ത ചരണ്‍ ദാസ് കലഹന്ദി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ പുതുമുഖമായ മകന്‍ ഭവാനിപടാന നിയമസഭാ മണ്ഡലത്തില്‍ നിന്നും പോരാട്ടം കാഴ്ചവെയ്ക്കും.

ഈയടുത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് ജോര്‍ജ് ടിര്‍ക്കി സുന്ദേര്‍ഗഢിലെ ടിക്കറ്റാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്. ഒപ്പം നിലവില്‍ താന്‍ പ്രതിനിധീകരിക്കുന്ന ബിര്‍മിത്രപുര്‍ നിയമസഭാ മണ്ഡലം മകന്‍ രോഹിത് ജോസഫിന് നല്‍കണമെന്നും അദ്ദേഹം ഉന്നയിക്കുന്നു. ജോര്‍ജ് ടിര്‍ക്കി സുന്ദേര്‍ഗഢ് സീറ്റ് ഉറപ്പിച്ചാല്‍ എതിരാളിയായി കേന്ദ്രമന്ത്രി ജുവല്‍ ഓറമായിരിക്കും മത്സര രംഗത്ത് ഉണ്ടാവുക.

കുടുംബവാഴ്ചയ്‌ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ദേശീയനേതാക്കളുള്ള പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഒഡീഷയിലെ പാര്‍ട്ടി നേതൃത്വം ഈ വാദങ്ങള്‍ ചെവികൊണ്ട മട്ടില്ല. ബന്ധുക്കള്‍ക്കൊപ്പം തന്നെയാണ് ഇവിടെ മിക്ക ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നത്.

കെവി സിങ് ദിയോയും ഭാര്യ സംഗീത കുമാരി ദിയോയും തന്നെ മുഖ്യ ഉദാഹരണം. 1990 മുതല്‍ പ്രതിനിധീകരിക്കുന്ന പട്‌നഗഢ് നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇത്തവണയും മത്സരിക്കാനിറങ്ങുന്ന കെവി സിങ്, മൂന്ന് തവണ ബൊലാംഗിര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭാര്യ സംഗീതയ്ക്ക് ഇത്തവണയും അതേ സീറ്റില്‍ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

ഏപ്രില്‍ 11,18,23,29 തീയതികളിലായി നാല് ഘട്ടങ്ങളായാണ് ഒഡീഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 21 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണും.

Exit mobile version