കനയ്യയുടെ ക്രൗഡ് ഫണ്ടിങ്ങ് ഏറ്റെടുത്ത് രാജ്യം: പത്തുദിവസം കൊണ്ട് സ്വരൂപിച്ചത് 65 ലക്ഷത്തിലധികം

പാറ്റ്ന: ബിഹാറിലെ ബെഗുസരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പു ചെലവുകള്‍ക്കായുള്ള ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്. ആരംഭിച്ച് കേവലം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 65 ലക്ഷം രൂപയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ചത്.

തന്റെ വിജയത്തിനായി വോട്ടുകളും നോട്ടുകളും തന്ന് സഹായിക്കണമെന്നാണ് കനയ്യ കുമാര്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചത്. ഉദ്ദേശിച്ച തുകയുടെ 93 ശതമാനം തുകയും 24 ദിവസം ശേഷിക്കെ കനയ്യ കുമാറിന് ജനങ്ങള്‍ നല്‍കി. പത്തു ദിവസം കൊണ്ട് 65,14,235 രൂപയാണ് അക്കൗണ്ടില്‍ ലഭിച്ചത്.

മഹേശ്വര്‍ പേരി എന്ന വ്യക്തിയാണ് ഏറ്റവും അധികം തുക നല്‍കിയിരിക്കുന്നത്. 5,00,000 രൂപയാണ് പേരി കനയ്യയുടെ ക്രൗഡ് ഫണ്ടിലേക്ക് നല്‍കിയത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ ജനങ്ങള്‍ ഒരോരുത്തരും ഒന്നിച്ച് പോരാടണം എന്നാണ് കനയ്യയുടെ ആവശ്യം.

ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് ടാര്‍ഗറ്റ് വച്ചിരിക്കുന്നത്. ആദ്യമണിക്കൂറുകളില്‍ തന്നെ ടാര്‍ഗറ്റ് ചെയ്തതിന്റെ പകുതിയും സംഭാവനയായി കനയ്യയ്ക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.

കനയ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. കനയ്യയ്ക്ക് പിന്തുണയര്‍പ്പിച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ഫേസ്ബുക്കില്‍ കുറിച്ചത്, ‘ജെ.എന്‍.യു പ്രസിഡന്റ് എന്നതില്‍ നിന്നും, ഒരു പരിപൂര്‍ണ നേതാവെന്ന നിലയില്‍ കനയ്യ വളര്‍ന്നു വന്ന രീതി പ്രശംസനീയമാണ്. നിരന്തരം ശബ്ദം ഉയര്‍ത്തുന്ന, ആഖ്യാനങ്ങള്‍ കുറിക്കുന്നതിന് പുതിയ മാനങ്ങള്‍ നല്‍കിയ കനയ്യയെ എനിക്ക് പാര്‍ലമെന്റില്‍ കാണണം’ എന്നായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെഗുസാരായില്‍ കനയ്യക്കെതിരെ മത്സരിക്കാനിരുന്നത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് ആയിരുന്നു. എന്നാല്‍ അദ്ദേഹം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ബെഗുസാരയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.

Exit mobile version