മദ്യം വാങ്ങാന്‍ പണമില്ല; മരിച്ചു പോയ ഭിന്നശേഷിക്കാരന്റെ ചിത്രം വെച്ച് സഹായം അഭ്യര്‍ത്ഥിച്ച് ഒരു സംഘം! വാക്കുകളില്‍ വിശ്വസിച്ച് പണം നല്‍കിയത് നിരവധി പേര്‍

ഒരു സംഘം ആളുകളാണ് പണപിരിവിനായി ഇറങ്ങിയത്.

കൊച്ചി: ചികിത്സാ നിധികളുടെ പേരില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സഹായിക്കാനെന്ന പേരില്‍ പണവും മറ്റും പിരിച്ചെടുത്ത് ഒടുവില്‍ പുട്ടടിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു തട്ടിപ്പാണ് ഇവിടെയും ചര്‍ച്ചയാകുന്നത്. പരേതന്റെ പേരില്‍ വ്യാജ ചികിത്സാ സഹായ അഭ്യര്‍ത്ഥനയാണ് നടത്തിയത്. പണം പിരിച്ചതാകട്ടെ മദ്യം വാങ്ങാനും.

ഒരു സംഘം ആളുകളാണ് പണപ്പിരിവിനായി ഇറങ്ങിയത്. എന്നാല്‍ സംഭവം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവില്‍ ഇവരെ പിടികൂടുകയും ചെയ്തു. ഇന്നലെ 3ന് ചാമംപതാലിലെ വീടുകളിലാണ് കങ്ങഴ സ്വദേശികളായ സംഘം പണപ്പിരിവ് നടത്തിയത്. 6 മാസം മുന്‍പ് മരിച്ചു പോയ ഭിന്നശേഷിക്കാരനായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായിട്ടാണ് പരേതന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം പണപ്പിരിവ് നടത്തിയത്.

ഇന്ന് എറണാകുളത്തെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ഉണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു ഇവരുടെ അഭ്യര്‍ത്ഥ. യുവാവ് കട്ടിലില്‍ കിടക്കുന്ന ചിത്രം കാണിച്ചായിരുന്നു പിരിവ് തേടിയത്. ചാമംപതാലില്‍ വീടുകള്‍ കയറി പിരിവ് നടത്തുന്നതിനിടയില്‍ ഒരു വീട്ടില്‍ നിന്നു നല്‍കിയ തുക കുറഞ്ഞു പോയത് സംഘം കൂട്ടി ചോദിച്ചു. ഇതാണ് ഇവരുടെ എല്ലാ പദ്ധതികളും പൊളിയാന്‍ ഇടയാക്കിയത്. ഉടന്‍ തന്നെ വീട്ടുടമ വാഴൂര്‍ പഞ്ചായത്തംഗം റംഷാദ് റഹ്മാനെ ഫോണില്‍ വിവരം അറിയിച്ചു.

പഞ്ചായത്തംഗം എത്തി ചോദ്യം ചെയ്തപ്പോള്‍ കങ്ങഴയിലാണ് വീടെന്ന് സംഘം വെളിപ്പെടുത്തി. തുടര്‍ന്ന് റംഷാദ് കങ്ങഴ പഞ്ചായത്തംഗത്തെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് സഹായം ആവശ്യമുള്ള യുവാവ് 6 മാസം മുന്‍പേ മരിച്ചു പോയതാണെന്നും മദ്യം വാങ്ങാനാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നതെന്നുമുള്ള വിവരം പുറത്തറിഞ്ഞത്. ഇതോടെ മാപ്പ് പറയാമെന്നായി സംഘം. പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിടുകയും ചെയ്തു.

Exit mobile version