ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ട് ഒരു കാരണവശാലും ബിജെപി വിജയിക്കരുത്! ഇത്തവണ മത്സരിക്കാനില്ലെന്ന് അജിത് ജോഗിയും പാര്‍ട്ടിയും

റായ്പുര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ജെസിസി (ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്) നേതാവുമായ അജിത് ജോഗി. തങ്ങള്‍കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങി ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടരുതെന്നും ബിജെപിയെ ഒരുതരത്തിലും സഹായിക്കാതിരിക്കാനാണ് ഈ തീരുമാനമെന്നും ജോഗി പറയുന്നു.

ഏത് വിധേനെയെയും വിദ്വേഷം പരത്തുന്ന വര്‍ഗ്ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ പരിശ്രമിക്കും. ജെസിസി കൂടി മത്സര രംഗത്തേക്ക് ഇറങ്ങുകയാണെങ്കില്‍ ബിജെപിക്ക് സഹായകരമാകുന്ന വിധത്തില്‍ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇത് ഒഴിവാക്കപ്പെടുക തന്നെ വേണം അജിത് ജോഗി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഛത്തീസ്ഗഢിലെ 11 ലോക്‌സഭാ സീറ്റിലും ഞങ്ങള്‍ തന്നെ വിജയിച്ചാലും 543 സീറ്റുള്ള ലോക്‌സഭയില്‍ വലിയ ചലമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. അതേസമയം, ഞങ്ങളുടെ സഖ്യകക്ഷിയായ ബിഎസ്പിയുടെ കാര്യം അങ്ങനെയല്ല. ഏത് മണ്ഡലത്തില്‍ നിന്നു വേണമെങ്കിലും മത്സരിച്ച് ജയിക്കാവുന്നതാണ്.’ അജിത് ജോഗി വിശദീകരിക്കുന്നു.

തങ്ങള്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനോ മറ്റ് പാര്‍ട്ടികള്‍ക്കോ സഹായകരമായാലും പ്രശ്‌നമില്ല. പാര്‍ട്ടിയുടെ ലക്ഷ്യം ബിജെപിക്ക് സഹായകരമാകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നത് മാത്രമാണെന്നും ജോഗി പ്രതികരിച്ചു. ഏപ്രില്‍ 11,18,23 തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ഛത്തീസ്ഗഢിലെ ലോക്‌സഭാ വോട്ടെടുപ്പ്.

Exit mobile version