മോഡി ആദ്യം സ്വന്തം ഭാര്യയ്ക്ക് നീതി നല്‍കൂ; എന്നിട്ട് മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖില്‍ നിന്നും മുക്തി നല്‍കുന്നതിനെ കുറിച്ച് സംസാരിക്കാം; അക്ബറുദ്ധീന്‍ ഒവൈസി

ഹൈദരാബാദ്: ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനായി മുത്തലാഖ് ബില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി എഐഎംഎം നേതാവ് അക്ബറുദ്ധീന്‍ ഒവൈസി.

മുസ്ലിം സ്ത്രീകളെ കുറിച്ചും അവരുടെ വിവാഹമോചനത്തെ കുറിച്ചും അത്രയേറെ ആശങ്കാകുലനായ മോഡി സ്വന്തം ഭാര്യയ്ക്ക് ഈ അവകാശം നല്‍കിയോ? അവര്‍ക്ക് നീതി നല്‍കിയോ എന്ന് ഒവൈസി ആരാഞ്ഞു. ഹൈദരാബാദിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത് എഐഎംഐഎം ആണെന്ന മോഡിയുടെ പരാമര്‍ശത്തിനും ഒവൈസി മറുപടി നല്‍കി. താങ്കള്‍ ആവേശത്തോടെ സംസാരിക്കുന്ന മിഷന്‍ ശക്തി പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ ഡിആര്‍ഡിഒ സ്ഥിതി ചെയ്യുന്നത് ഈ നഗരത്തില്‍ തന്നെയാണെന്നായിരുന്നു അക്ബറുദ്ധീന്‍ ഒവൈസിയുടെ മറുപടി.

നേരത്തെ, എല്‍ബി സ്‌റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മോഡി മുത്തലാഖിനെ സ്ത്രീകള്‍ ഭയപ്പെടേണ്ടെന്നും മുസ്ലിം സ്ത്രീകളെ മുത്തലാഖെന്ന അനാചാരത്തില്‍ നിന്നും സംരക്ഷിക്കുമെന്നും മോഡി പ്രസംഗിച്ചിരുന്നു. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മുത്തലാഖ് ബില്‍ പാസ്സാക്കുക വഴി മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ് താന്‍ നിലകൊണ്ടതെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം. ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും മോഡി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version