മോഡിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായേക്കും; ചര്‍ച്ചകള്‍ സജീവം; എതിര്‍ക്കാതെ പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ കളത്തിലിറങ്ങാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും ഇന്‍ഡ്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിശാലപ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനില്‍ നിന്നും വിട്ട് തനിച്ചാണ് മത്സരിക്കുന്നത്. എങ്കിലും മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കാനായാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. ഇതിനായി മാഹാഗഡ്ബന്ധന്റെ മറുപടിക്കായി അണിയറയില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.

നിലവില്‍ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ അവതരിപ്പിച്ചിട്ടില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തില്‍ നിന്നു വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക പ്രതികരിക്കുന്നത്. ഈ പ്രസ്താവന മത്സര രംഗത്തേക്ക് ഇറങ്ങാനുള്ള സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മത്സരിക്കണമോയെന്ന കാര്യം പ്രിയങ്കയാണ് തീരുമാനിക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാരണാസിയില്‍ നിന്നല്ലെങ്കില്‍ ലഖ്‌നൗ മണ്ഡലത്തില്‍ നിന്നും പ്രിയങ്ക മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്താനും സാധ്യതയുണ്ട്.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 5,18,122 വോട്ട് നേടി, രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് മോഡി വിജയിച്ചത്. അതിനാല്‍ തന്നെ, എതിരാളിയായി പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മോഡിക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Exit mobile version