ഹിന്ദുക്കളെ ഭയന്ന് രാഹുല്‍ ഒളിച്ചോടിയെന്ന് മോഡി; വയനാട് പഴശ്ശിയുടെ നാട്, മോഡി ഇന്ത്യയുടെ അഖണ്ഡതയെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ രണ്ടാം മണ്ഡലമായി വയനാട് തെരഞ്ഞെടുത്തതിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയ പ്രധാനമന്ത്രി മോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്നാണ് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയതെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവനയിലൂടെ നരേന്ദ്രമോഡി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ മതേതരത്വത്തേയും നാനാത്വത്തേയും മോഡി അപമാനിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാടെന്ന് മോഡിക്ക് അറിയാമോ. ആദിവാസികളുടെ നാടാണ് വയനാട്, കര്‍ഷകരുടെ നാടാണ് വയനാട്. ഇതെല്ലാം മോഡിക്ക് അറിയുമോ? ബിജെപിക്ക് അറിയുമോ? കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയോടും മോഡിയോടും ചോദിച്ചതിങ്ങനെ.

കൂടാതെ, ജാതി, മതം, ഭാഷ, വര്‍ണം എന്നിവയുടെ പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ് ബിജെപിയെന്നും രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നതില്‍ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കര്‍ഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് മത്സരിക്കാന്‍ തെരഞ്ഞെടുക്കുക വഴി ആ വിഭാഗത്തോടുള്ള കോണ്‍ഗ്രസിന്റെ താത്പര്യം തെളിയിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

Exit mobile version