വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും കുഴപ്പമില്ല; ‘വിഷക്കുപ്പിയായ’ കനയ്യ കുമാറിനെ തോല്‍പ്പിക്കണം; വിവാദ പരാമര്‍ശവുമായി ശിവസേന നേതാവ്

മുംബൈ: ഒരു കാരണവശാലും കനയ്യ കുമാര്‍ വിജയിച്ച് ലോക്‌സഭയിലേക്ക് എത്തരുതെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്തിന്റെ വിവാദപരാമര്‍ശം. ഇതിനായി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും പ്രശ്‌നമില്ലെന്നും റൗത്ത് പറഞ്ഞു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കൂടിയായ കനയ്യ കുമാറിനെ വിഷക്കുപ്പിയെന്നാണ് സഞ്ജയ് റൗത്ത് വിശേഷിപ്പിച്ചത്.

ബേഗുസാരായ് ലോക്‌സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. ബിജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെതിരെയാണ് കനയ്യ കുമാറിന്റെ മത്സരം.

അതേസമയം, കനയ്യയുടെ തോല്‍വി ബിജെപി കാണണമെന്നും റൗത്ത് ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. കനയ്യ കുമാറിന്റെ വിജയം ഭരണഘടനയുടെ പരാജയമാണെന്നും റൗത്ത് ആക്ഷേപിച്ചു. അതേസമയം കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഓണ്‍ലൈനായി സംഭാവന നല്‍കിയത് 2400 ലേറെ പേരാണ്. ഇതുവരെ 31 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. സംഭാവന 70 ലക്ഷം രൂപയിലെത്തുമ്പോള്‍ പിരിവ് അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെ പണം നല്‍കിയവരില്‍ വിദേശികളില്ലെന്നും വിദേശത്ത് നിന്നുളള സംഭാവന സ്വീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

Exit mobile version