‘ധൈര്യമുണ്ടെങ്കില്‍ എന്നെ ജയിലിലയയ്ക്ക്’; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ച സബ്കളക്ടറെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി; ക്യാമറയില്‍ കുടുങ്ങിയതോടെ മുങ്ങി; വീഡിയോ

ബക്‌സാര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ സബ് കളക്ടറോട് രോഷാകുലനായി കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബേ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുമതിയില്ലാതെ ചൗബേയും ബിജെപി പ്രവര്‍ത്തകരും വാഹനറാലി നടത്തിയത് ചൂണ്ടിക്കാണിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ബിഹാറിലെ ബക്‌സാര്‍ സബ്കളക്ടര്‍ കെകെ ഉപാധ്യായയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചൗബേയും ബിജെപി പ്രവര്‍ത്തകരും നടത്തിയ വാഹനറാലി ശ്രദ്ധയില്‍ പെട്ട സബ്കളക്ടര്‍ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വിലക്കിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.

എന്നാല്‍ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റാലിക്ക് നേതൃത്വം കൊടുത്ത അശ്വിനി ചൗബേ സബ് കളക്ടറോട് കയര്‍ക്കുകയും ആരുടെ ഓര്‍ഡറാണെങ്കിലും അനുസരിക്കാന്‍ സാധിക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ കേസെടുത്ത് തന്നെ ജയിലിലയയ്ക്ക് എന്ന് ആക്രോശിക്കുകയുമായിരുന്നു.

വ്യക്തികള്‍ക്ക് അനുമതി നിഷേധിക്കുകയല്ല, വാഹനറാലികളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അറിയിക്കുകയായിരുന്നെന്നും, ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മീഷന്‍ അനുശാസിക്കുന്നുണ്ടെന്നും അത് അറിയിക്കാനായാണ് താന്‍ കേന്ദ്രമന്ത്രിയെ സമീപിച്ചതെന്നും സബ് കളക്ടര്‍ പിന്നീട് പ്രതികരിച്ചു.

വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലായിരുന്നെന്നും, ഇത് ലംഘിച്ചാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ 40ഓളം വാഹനങ്ങള്‍ സില മൈതാനിലേക്ക് പ്രവേശിച്ചതെന്നും സബ്കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടപടി എടുക്കാന്‍ വൈകില്ലെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രിയുടെ ഭാഷ അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. പക്ഷെ, റാലിയില്‍ പങ്കെടുത്ത എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുമെന്നും സബ്കളക്ടര്‍ കെകെ ഉപാധ്യായ് അറിയിച്ചു.

ബക്‌സാറിലെ സിറ്റിങ് എംപിയായ അശ്വിനി ചൗബേയ്ക്ക് ബിജെപി വീണ്ടും ടിക്കറ്റ് നല്‍കുകയായിരുന്നു.

Exit mobile version