പ്രിയങ്ക ഗാന്ധി മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു; തീരുമാനമെടുക്കേണ്ടത് പ്രിയങ്കയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത് വമ്പന്‍ സര്‍പ്രൈസുകളെന്ന് സൂചന. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം അപ്രതീക്ഷിതമായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങി ഞെട്ടിച്ച പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിനിടെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും രാഷ്ട്രീയ രംഗത്ത് വലിയചര്‍ച്ചയാവുകയാണ്.

സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്ക തന്നെ എടുക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് പ്രിയങ്ക നേരത്തെ തന്നെ കൈക്കൊണ്ട നിലപാട്. ഇതിനുപിന്നാലെയാണ് വാരണാസിയില്‍ മത്സരിച്ചാലോ എന്ന ചോദ്യം ഉയര്‍ന്നത്. നരേന്ദ്ര മോഡിയെ നേരിടാന്‍ പ്രിയങ്ക തന്നെ എത്തും എന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. പ്രിയങ്കയുടെ മത്സരം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും ഇക്കാര്യം അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും രാഹുല്‍ പ്രതികരിക്കുന്നു.

പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ സാധ്യത കൂട്ടും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനായി സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രിയങ്ക.

Exit mobile version