മമതാ ബാനര്‍ജിയുടെ ഭരണം ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ത്തു; എന്‍ആര്‍സി നടപ്പാക്കി കുടിയേറ്റക്കാരെ പുറത്താക്കും; ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളിലെ സംസ്‌കാരത്തെ തകര്‍ക്കുന്നതാണ് മമതാ ബാനര്‍ജിയുടെ ഭരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിനും പശ്ചിമബംഗാളിലും ഏറെ പ്രാധാന്യമുള്ളതാണ്. മമതയുടെ ഭരണത്തില്‍ നിന്ന് പശ്ചിമബംഗാള്‍ ജനത മുക്തി നേടണമെന്നും അമിത് ഷാ അലിപുര്‍ദ്വാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ബിജെപിക്ക് കേന്ദ്രത്തില്‍ വീണ്ടും അധികാരം ലഭിച്ചാല്‍ കടന്നുകയറിയവരെ പുറത്താക്കാന്‍ ദേശീയ പൗരത്വ പട്ടിക പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്നും ഹിന്ദുക്കളായ കുടിയേറ്റക്കാരെ ബിജെപി സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോഡിയുടെ ശക്തമായ നേതൃത്വത്തില്‍ ഡോക്‌ലാം വിഷയത്തില്‍ ചൈനയ്ക്കും തീവ്രവാദത്തെ വളര്‍ത്തുന്നതിന് പാകിസ്താനും കനത്ത മറുപടി നല്‍കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോഡിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ആസാമിലെ കാലിയബോറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version