ബിജെപി ലോക്‌സഭാ സീറ്റ് നല്‍കിയെങ്കിലും താന്‍ നിരസിച്ചു; രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനാധിപത്യം മാനിക്കാറില്ല; കാണാന്‍ പോലും അനുവദിച്ചില്ലെന്നും ടോം വടക്കന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശബ്ദമായിരുന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍ രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.

അതേസമയം, സീറ്റ് നിഷേധിച്ചെന്ന വാദങ്ങളെ തള്ളി ടോം വടക്കന്‍ രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി അനുവദിച്ച അഭിമുഖത്തിലാണ് വടക്കന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ബിജെപി തനിക്ക് സീറ്റ് ഓഫര്‍ ചെയ്തിരുന്നെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നെന്നും മൈ നാഷന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടോം വടക്കന്‍ വെളിപ്പെടുത്തി. ഏതു മണ്ഡലമാണ് ഓഫര്‍ ചെയ്തതെന്ന് വെളിപ്പെടുത്താനും ടോം വടക്കന്‍ തയ്യാറായില്ല. താന്‍ ഈ പ്രസ്ഥാനത്തിലെ പുതിയ അംഗമാണെന്നും പ്രാദേശികമായി തനിക്ക് ബന്ധങ്ങള്‍ കുറവായതിനാല്‍ തന്നെ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും ടോം വടക്കന്‍ വെളിപ്പെടുത്തി. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സംഘടനാപരമായും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചത് ബലാക്കോട്ട് വ്യോമാക്രമണത്തെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ആയിരുന്നെന്നും ടോം വടക്കന്‍ വെളിപ്പെടുത്തി. ക്രിസ്ത്യുമത വിശ്വാസിയായ തനിക്ക് ബിജെപിയെ കുറിച്ച് മനസിലാക്കി തന്നത് രാജ്യസഭാ എംപിയായ രാകേഷ് സിന്‍ഹയാണെന്നും ബിജെപിയെ സംബന്ധിച്ച ധാരണകള്‍ മാറ്റാന്‍ അദ്ദേഹം സഹായിച്ചെന്നും ടോം വടക്കന്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ടോം വടക്കന്‍, പാര്‍ട്ടിയില്‍ ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ച് കൊടുക്കാറില്ലെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രസിഡന്റായതിനു ശേഷം താന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് വടക്കന്‍ പറയുന്നു.

രാഷ്ട്രീയത്തില്‍ ചേരുന്നതിനു മുമ്പ് രാഹുലുമായി ക്രിക്കറ്റ് കളിക്കാന്‍ പോലും താന്‍ സമയം കണ്ടെത്തിയിരുന്നു. പക്ഷെ, അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം, ഒരു വര്‍ഷത്തോളം കഴിഞ്ഞ് ഏറെ പ്രയാസപ്പെട്ടാണ് കാണാന്‍ ഒരു അവസരം പോലും അദ്ദേഹം നല്‍കിയത്. മറ്റുള്ളവരെ വെട്ടി ഒഴിവാക്കി സ്വയം വലുതാകാനാണ് രാഹുലിന്റെ ശ്രമമെന്നും അത് രാഷ്ട്രീയത്തില്‍ ശരിയായ കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുലിനേക്കാള്‍ ഭേദമാണ് സോണിയ ഗാന്ധിയുടെ നേതൃത്വമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സോണിയാ ഗാന്ധി ജനങ്ങളെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനുള്ള മനസ് എങ്കിലും കാണിക്കും, കൂടുതല്‍ ജനാധിപത്യപരമാണ് നിലപാടുകളും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കാനും സമയം കണ്ടെത്തും എന്നാല്‍ രാഹുല്‍ നേരെ വിപരീതമാണ്. അദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനേ ശ്രമിക്കാറില്ല. അദ്ദേഹം പറയുന്നത് കേള്‍ക്കുക മാത്രമെ നിര്‍വ്വാഹമുള്ളൂ. എന്നിട്ട് പറയുന്നതോ അദ്ദേഹം പ്രവര്‍ത്തകര്‍ക്കായാണ് നിലകൊള്ളുന്നതെന്ന്’- ടോം വടക്കന്‍ വിമര്‍ശിക്കുന്നു.

Exit mobile version