ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചാല്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കോളേജ് തുറക്കാന്‍ പോലും കേന്ദ്രം അനുവദിക്കുന്നില്ല; മോഡിക്കെതിരെ വീണ്ടും കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചാല്‍ ആപ്പ് സര്‍ക്കാര്‍ രണ്ടു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50 പുതിയ കോളേജുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നാലുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയെന്നും എന്നാല്‍ ഇതുവരെ കോളേജ് തുടങ്ങാന്‍ അനുമതി നല്‍കിയില്ലെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി. തമിഴ്‌നാടിനോ ഹരിയാനയ്‌ക്കോ ഇത്തരത്തിലുള്ളൊരു അവസ്ഥയുണ്ടാകില്ല. ആ സംസ്ഥാനങ്ങള്‍ക്കൊന്നും പുതിയ കോളേജ് തുടങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഡല്‍ഹിയുടെ കാര്യം അങ്ങനെയല്ല അനുമതി തേടണമെന്നത് നിര്‍ബന്ധമാണെന്നും കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ലഭിച്ചാല്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും മികച്ച കോളേജുകളില്‍ അഡ്മിഷന്‍ നേടാനാകുമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കെജരിവാള്‍ ഉറപ്പുനല്‍കി.

ഇന്ന് നമ്മുടെ മക്കള്‍ തൊഴിലില്ലാതെ അലയുകയാണ്. നേരത്തെ 2 ലക്ഷം തൊഴിലവസരങ്ങള്‍ താന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, നിങ്ങളുടെ മുഖ്യമന്ത്രിക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അധികാരമില്ല. പക്ഷെ, ഡല്‍ഹിക്ക് പൂര്‍ണ്ണസംസ്ഥാന പദവി ലഭിച്ചാല്‍ 2 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 85 ശതമാനത്തോളും ഡല്‍ഹി സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നും കെജരിവാള്‍ അവകാശപ്പെട്ടു.

Exit mobile version