സൗജന്യമായി മണിക്കൂറുകള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടാനുള്ള തന്ത്രം മാത്രം! വിവാദങ്ങളില്‍ നിന്ന് മോഡി രാജ്യത്തിന്റെ ശ്രദ്ധതിരിച്ചെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ഈ തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ സ്വന്തം പേര് ചര്‍ച്ചചെയ്യപ്പെടാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിച്ച തന്ത്രമാണ് എ-സാറ്റ് പരീക്ഷണ വിജയത്തിന്റെ അറിയിപ്പെന്ന് എസ്പി നേതാവ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. ടിവിയില്‍ അനാവശ്യമായി പ്രത്യക്ഷപ്പെട്ട് മോഡി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയും ഗ്രാമീണ പ്രശ്‌നങ്ങളും സ്ത്രീസുരക്ഷയുമെല്ലാം ചോദ്യ ചിഹ്നമായി നില്‍ക്കുമ്പോള്‍ മോഡി ടിവിയില്‍ തല കാണിക്കാനാണ് ശ്രമം നടത്തിയതെന്നും എസ്പി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.

ഉപഗ്രഹവേധമിസൈല്‍ വിജയകരമായി പരീക്ഷിച്ച ഡിആര്‍ഡിഒയെയും ഐസ്ആര്‍ഒയെയും അഭിനന്ദിക്കാനും അഖിലേഷ് മറന്നില്ല. ഈ വിജയം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇന്ത്യയെ കൂടുതല്‍ സുരക്ഷിതമാക്കിയതിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.

അപ്രതീക്ഷിതമായി സോഷ്യല്‍മീഡിയയിലും ടിവിയിലും റേഡിയോയിലും പ്രത്യക്ഷപ്പെട്ട മോഡി ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍(എ-സാറ്റ്) വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അറിയിക്കുകയായിരുന്നു. മൂന്ന് മിനിറ്റുകൊണ്ട് ഭ്രമണപഥത്തിലെ ഉപഗ്രഹത്തെ തകര്‍ത്താണ് ഇന്ത്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

Exit mobile version