വയനാട്ടില്‍ തീരുമാനം ഇനിയും വൈകില്ല; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉടന്‍ തീരുമാനമെന്ന് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഇനിയും വൈകില്ലെന്ന് ഹൈക്കമാന്റ്. ഇടതുപക്ഷത്തിനെതിരായി മത്സരിക്കുന്നതിലെ ശരികേടും പ്രധാനമന്ത്രി മോഡി കര്‍ണാടകത്തില്‍ മത്സരിക്കുമോ എന്നതിലെ അവ്യക്തതയുമാണ് രാഹുലിന്റെ തീരുമാനത്തേയും നീട്ടുന്നത്. ഏപ്രില്‍ നാലിന് കേരളമുള്‍പ്പടെയുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ്. അതിനാല്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇനിയും വൈകിയേക്കില്ലെന്നും ഹൈക്കമാന്റിന്റെ വാക്കുകളില്‍ സൂചനയുണ്ട്. വയനാടും വടകരയും ഒരുമിച്ച് പ്രഖ്യാപിക്കാമെന്നുള്ളതിനാലാണ് സാങ്കേതികമായി വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും വൈകുന്നത്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച 12-ാം പട്ടികയിലും ഈ രണ്ട് മണ്ഡലങ്ങള്‍ ഇടം പിടിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് കേരളവും ആന്ധ്രാപ്രദേശും കര്‍ണാടകയും തമിഴ്‌നാടും രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ആന്ധ്രയും തമിഴ്‌നാടും ഒഴിവാക്കിയ രാഹുല്‍ അവസാന തീരുമാനത്തിനായി കര്‍ണാടകയും കേരളവും മാറ്റിവെച്ചിരിക്കുകയാണ്. കെപിസിസി രാഹുലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും കര്‍ണാടകയ്ക്കായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതും രാഹുലിനെ കുഴക്കുന്നുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് രാഹുലിനായി മാറ്റിവെച്ചിരിക്കുന്ന രണ്ടു മണ്ഡലങ്ങളും ബിജെപിക്ക് നല്ല വേരോട്ടമുള്ള സ്ഥലങ്ങളാണ്, അതിനാല്‍ തന്നെ ഏറെക്കുറെ സുരക്ഷിതമായ വയനാട് തെരഞ്ഞെടുക്കണമെന്നാണ് രാഹുലിനോട് നേതൃത്വം ഉപദേശം നല്‍കുന്നത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനമെടുത്താല്‍ കേരളത്തിലെ 20 സീറ്റുകളിലും നേട്ടമുണ്ടാക്കാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.

അതേസമയം, രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുപക്ഷം രാഹുലിനെ യുപിഎ നേതാക്കള്‍ വഴി ധരിപ്പിച്ചെന്നാണ് സൂചന. മതേതര ബദലിനായി ശ്രമിക്കുന്ന ഇടതുപക്ഷത്തെ ഒപ്പം നിര്‍ത്തുന്ന രാഹുല്‍ ഗാന്ധി തീരുമാനം ഏറെ ആലോചിച്ച് മാത്രമെ കൈക്കൊള്ളാന്‍ സാധ്യതയുള്ളൂ.

അതേസമയം, രണ്ടാം മണ്ഡലത്തിനായി മാത്രമെ വയനാടും കര്‍ണാടകയും പരിഗണിക്കുകയുള്ളൂവെന്നും രാഹുലിന്റെ പ്രാഥമിക പരിഗണനയും കര്‍മ്മഭൂമിയും അമേഠി തന്നെയായിരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

Exit mobile version