റായ്ബറേലി പിടിയ്ക്കാനൊരുങ്ങി ബിജെപി: സോണിയാ ഗാന്ധിയ്‌ക്കെതിരെ മീനാക്ഷി ലേഖിയെ മത്സരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിയ്‌ക്കെതിരെ മീനാക്ഷി ലേഖിയെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. നിലവില്‍ ന്യൂഡല്‍ഹി എംപിയാണ് മീനാക്ഷി ലേഖി. ഇന്ന് ചേരുന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.

2014-ല്‍ യുപിയില്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും റായ്ബറേലിയില്‍ സോണിയയും അമേത്തിയില്‍ രാഹുല്‍ ഗാന്ധിയും വിജയിച്ചിരുന്നു. റായ്ബറേലിയില്‍ മൂന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായ അജയ് അഗര്‍വാളിനെ സോണിയ പരാജയപ്പെടുത്തിയത്.

ഇത്തവണ അമേത്തിയും റായ്ബറേലിയും പിടിച്ചടക്കണമെന്ന ബിജെപിയുടെ ഉറച്ച തീരുമാനത്തിന് പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം വോട്ടിനാണ് ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖി ആംആദ്മി പാര്‍ട്ടിയും ആശിഷ് ഖേതനെ 2014 പരാജയപ്പെടുത്തിയത്.
2014-ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്.

അമേത്തിയില്‍ ഇത്തവണയും സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്. അമേത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സ്മൃതി ഇറാനി ഇത്തവണ രാഹുലിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റായ്ബറേലിയിലും അമേത്തിയിലും ബിഎസ്പി-എസ്പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത് കോണ്‍ഗ്രസിന് ആശ്വാസമാണ്.

Exit mobile version