‘അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ ഓടിച്ചു’; പരിഹസിച്ച് സ്മൃതി ഇറാനി

അമേഠിയിലെ ജനങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് കേരളത്തിലെ സ്ഥാനാര്‍ഥിത്വം രാഹുല്‍ സൃഷ്ടിച്ചെടുത്തതെന്നാണ് ബിജെപി നേതാവ് പരിഹസിച്ചത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. രാഹുലിനെ അമേഠിയിലെ ജനങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് കേരളത്തിലെ സ്ഥാനാര്‍ഥിത്വം രാഹുല്‍ സൃഷ്ടിച്ചെടുത്തതെന്നാണ് ബിജെപി നേതാവ് പരിഹസിച്ചത്.

ട്വിറ്ററില്‍ ആണ് സ്മൃതി ഇറാനി രാഹുലിനെതിരെ പരിഹാസവുമായി എത്തിയത്. ‘അമേഠിയിലെ ജനങ്ങള്‍ ഓടിച്ചു.. ജനങ്ങള്‍ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളില്‍ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു… ബാഗ് രാഹുല്‍ ബാഗ് ( ഓട് രാഹുല്‍ ഓട്).. എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് സ്മൃതി ട്വിറ്ററില്‍ രാഹുലിനെ പരിഹസിച്ചത്.

അതേ സമയം സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലയ രംഗത്തെത്തി. ‘ചാന്ദ്‌നി ചൗക്കില്‍ നിന്ന് പരാജയപ്പെട്ടു. അമേഠിയില്‍ നിന്നും പരാജയപ്പെട്ട് ഓടി. പലതവണ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നിട്ടും എങ്ങനെയൊക്കെയോ എംപി ആയി’ എന്നാണ് സുര്‍ജെവാലയ സ്മൃതി ഇറാനിയെ പരിഹസിച്ച് ട്വീറ്ററില്‍ കുറിച്ചത്.

Exit mobile version