ബിജെപിയെ കുരുക്കി ദേശീയ നേതൃത്വത്തിനെതിരെ 1800 കോടിയുടെ അഴിമതി ആരോപണം; തെളിവ് യെദ്യൂരപ്പയുടെ ഡയറി; വെളിപ്പെടുത്തി കാരവാന്‍ മാഗസിന്‍; രാജ്യത്തിന് ഞെട്ടല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ 1800 കോടി രൂപയുടെ അഴിമതി ആരോപണം. ബിജെപിയുടെ പ്രമുഖരായ നേതാക്കളേയും കേന്ദ്ര മന്ത്രിമാരേയും കുരുക്കിലാക്കുന്നതാണ് കാരവാന്‍ മാഗസിനില്‍ വന്ന കോഴ ആരോപണം. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. കേന്ദ്രമന്ത്രമാരായ നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കിയെന്നും ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി കൈമാറിയെന്നും മാഗസിന്‍ ആരോപിക്കുന്നു. അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്ക് 50 കോടി വീതം നല്‍കിയെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങിന് 100 കോടി കോഴ നല്‍കിയെന്നുമാണ് ആരോപണം. രേഖകള്‍ പ്രകാരം ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഇത്രയധികം പണം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്. 2017 മുതല്‍ ആദായനികുതി വകുപ്പിന്റെ പക്കല്‍ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കല്‍ എവിടെ നിന്നാണെന്നും എത്തിയതെന്നത് അജ്ഞാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരും എന്ന് വ്യക്തമല്ല. 2009 ജനുവരി 17 – നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്ററി കമ്മിറ്റിക്ക് പണം നല്‍കിയത്.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നത്. സ്വന്തം കൈപ്പടയിലെഴുതിയ കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഏറെ കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനം നടത്തിയാണ് ഞെട്ടിക്കുന്ന കോഴ ആരോപണം രാജ്യത്തെ അറിയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് ചൗക്കീദാര്‍ മറുപടി പറയണമെന്നും പ്രധാനമന്ത്രി മോഡിയെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Exit mobile version