ജ്യോതിഷി പറഞ്ഞു; തെരഞ്ഞെടുപ്പ് ജയത്തിനായി തന്റെ ഓഫീസ് അഞ്ചാം നിലയില്‍ നിന്നും താഴത്തേക്ക് മാറ്റി അമിത് ഷാ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനായി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുങ്ങി ബിജെപി നേതാക്കള്‍ എന്ന് സൂചന. തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ അഞ്ചാം നിലയിലെ ഓഫീസ് ഉപേക്ഷിച്ച് ഗ്രൗണ്ട് ഫ്‌ളോറിലെ അതിഥി വിശ്രമ കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രമുഖനായ ജ്യോതിഷന്റെ വാക്കു കേട്ടാണ് അമിത് ഷായുടെ സ്ഥാനമാറ്റം. അഞ്ചാം നിലയിലെ ഓഫീസ് പാര്‍ട്ടിക്ക് അത്ര ഐശ്വര്യമല്ലെന്നാണ് പാര്‍ട്ടിയുടെ തന്നെ കണ്ടെത്തല്‍. ജ്യോതിഷന്റെ ഉപദേശം കൂടിയായതോടെ പാര്‍ട്ടി അധ്യക്ഷന്‍ കസേരയും കൊണ്ട് താഴത്തേക്ക് ഇറങ്ങുകയായിരുന്നു.

ഡല്‍ഹിയിലെ അശോക റോഡിലുള്ള ബിജെപിയുടെ പഴയ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇപ്പോഴും അമിത് ഷായുടെ ഓഫീസ് പ്രവര്‍ത്തന സജ്ജമാണ്. 2014ല്‍ ബിജെപിക്ക് വന്‍വിജയം സമ്മാനിച്ച സമയത്തെ പാര്‍ട്ടി ആസ്ഥാനം തന്നെയാണ് ഇത്തവണയും വാര്‍ റൂം. ഇവിടെയാണ് അമിത് ഷാ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതും.
മേയ് 23നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. അതിനാല്‍ തന്നെ അമിത് ഷായുടെ ഓഫീസ് മാറ്റവും തെരഞ്ഞെടുപ്പ് വിജയവും തമ്മില്‍ ബന്ധമുണ്ടോയെന്ന് എന്ന് അന്നറിയാമെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്.

Exit mobile version