‘ഭക്തി എന്നാല്‍ നെറ്റിയില്‍ തൊടുന്ന തിലകമല്ല; എന്നോടൊപ്പം മന്ത്രോച്ചാരണത്തിന് തയ്യാറുണ്ടോ’? മോഡിയേയും അമിത് ഷായേയും വെല്ലുവിളിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും തന്നോടൊപ്പം ചൊല്ലി മത്സരിക്കാന്‍ പ്രധാനമന്ത്രി മോഡിയേയും അമിത്ഷായേയും വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമതാ ബാനര്‍ജി സംസ്ഥാനത്ത് ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ടു പിടിക്കുകയാണെന്ന് ബിജെപി നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്നു, ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു മമത. ‘ഭക്തി എന്ന് പറഞ്ഞാല്‍ നെറ്റിയില്‍ തൊടുന്ന കുറി മാത്രമല്ല. മന്ത്രങ്ങളുടെ പൊരുള്‍ മനസ്സിലാകണം. ഞാന്‍ മോഡിയേയും അമിത് ഷായേയും എന്നോടൊപ്പം സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിക്കുകയാണ്’- മമത കൊല്‍ക്കത്തയില്‍ പറഞ്ഞു.

തന്റെ മതം മാനവികതയാണെന്നും, ആത്മീയതയെക്കുറിച്ച് തനിക്കാരുടേയും ഉപദേശം വേണ്ടെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം ചെയ്തതും മമത ചൂണ്ടിക്കാട്ടി.

ബംഗാളിലെ സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കാതേയും ബംഗാളില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യാന്‍ അനുവദിക്കാതേയും ന്യൂനപക്ഷ പ്രീണനമാണ് മമത നടത്തുന്നതെന്ന് ബിജെപി നിരന്തരം ആരോപണം ഉന്നയിക്കുകയാണ്.

അതേസമയം, ഞാന്‍ ബംഗാളില്‍ പൂജ നടത്താന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവര്‍ ത്രിണമൂലിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നിര്‍മ്മിച്ച് ക്ഷേത്രങ്ങള്‍ പോയി കാണണമെന്ന് മമത പറഞ്ഞു.

Exit mobile version