ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; വേണ്ടത് 19 എംഎല്‍എമാരുടെ പിന്തുണ; കൈയ്യിലുള്ളത് 12 എംഎല്‍എമാര്‍

പനാജി: ഗോവയില്‍ ഇന്ന് ഭരണം നിലനിര്‍ത്താന്‍ ബിജെപിയുടെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു പിന്നാലെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഗോവയില്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഗോവയിലെ 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. ഇതില്‍ 21 പേരുടെ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് 19 എംഎല്‍എമാരുടെ പിന്തുണ വേണം. എന്നാല്‍ നിലവില്‍ ബിജെപിക്ക് 12 എംഎല്‍എമാര്‍ മാത്രമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇതിനിടെ ഭരണം പിടിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

നിലവിലെ കക്ഷി നില:

ബിജെപി -12

എംജെപി -3

ജിഎഫ്പി -3

കോണ്‍ഗ്രസ്-14

എന്‍സിപി-1

അതേസമയം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് സഭയില്‍ കരുത്ത് തെളിയിക്കാനാകും എന്നുതന്നെയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും സാവന്തുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version