മോഡി ഷീ ജിന്‍ പിങിനൊപ്പം ഊഞ്ഞാലാടും; കെട്ടിപ്പിടിക്കും; എന്നാല്‍ എതിര്‍ത്ത് ഒരക്ഷരം മിണ്ടില്ല; ദുര്‍ബലനായ മോഡിക്ക് ചൈനാ പേടിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന വീണ്ടും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് യുഎന്നില്‍ വോട്ട് ചെയ്തിട്ടും ചൈനയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി മോഡിയെ ട്രോളി രാഹുല്‍ ഗാന്ധി. മോഡിക്ക് ചൈനയെ പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോഡി ഒരക്ഷരം പോലും മിണ്ടുന്നില്ല.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടും ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ പോയി വണങ്ങുകയും ചെയ്യും എങ്കിലും മോഡി ചൈനയെ ഭയക്കുന്നെന്നും രാഹുല്‍ പരിഹസിച്ചു.

ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.

Exit mobile version