തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയോ ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥന്റെയോ ചിത്രമോ, സേനാവിഭാഗങ്ങളുടെ ഏതെങ്കിലും ചടങ്ങുകളുടെ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൈനികരുടെയോ സേനാവിഭാഗത്തിന്റേയോ ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

‘ചില രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിന് പുറമെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയോ ഏതെങ്കിലും സൈനിക ഉദ്യോഗസ്ഥന്റെയോ ചിത്രമോ, സേനാവിഭാഗങ്ങളുടെ ഏതെങ്കിലും ചടങ്ങുകളുടെ ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സൈനികരുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് 2013 ഡിസംബറില്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന.

ജനാധിപത്യത്തില്‍ അരാഷ്ട്രീയവും നിഷ്പക്ഷവുമായ പങ്ക് വഹിക്കുന്നവരാണ് രാജ്യത്തെ സായുധ സേനകള്‍. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി അവരെ ഉപയോഗപ്പെടുത്തുന്നതിന് എതിരെ അതീവ ജാഗ്രത പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version