പകര്‍ത്തിയെന്നാണ് പറഞ്ഞത്; റാഫേല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് വാദിച്ചിട്ടില്ല; മലക്കം മറിഞ്ഞ് എജി

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് താന്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എജി) കെകെ വേണുഗോപാല്‍. യഥാര്‍ത്ഥ രേഖകളുടെ പകര്‍പ്പ് ഹര്‍ജിക്കാര്‍ ഉപയോഗിച്ചെന്നാണ് പറഞ്ഞതെന്ന് വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രേഖകള്‍ മോഷണം പോയെന്ന പരാമര്‍ശം കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് മോഡി സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് എജിയുടെ വിശദീകരണം.

സര്‍ക്കാര്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചാണ് ഹര്‍ജിക്കാര്‍ റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടതെന്നു കോടതിയില്‍ വ്യക്തമാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം ഈ വാക്കുകള്‍ വളച്ചൊടിച്ചു. യഥാര്‍ത്ഥ രേഖകള്‍ മോഷണം പോയെന്നു സൂപ്രീംകോടതിയില്‍ വാദിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നു വേണുഗോപാല്‍ പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ രേഖകള്‍ അടിസ്ഥാനമാക്കിയാണ് ദ ഹിന്ദു ദിനപ്പത്രം ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നായിരുന്നു ബുധനാഴ്ച എജി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമോയെന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ച ദ് ഹിന്ദു ഉള്‍പ്പെടെ രണ്ടു പ്രസിദ്ധീകരണങ്ങള്‍ക്കും മുതിര്‍ന്ന അഭിഭാഷകനുമെതിരെ നടപടി വേണമെന്നും എജി പറഞ്ഞിരുന്നു.

Exit mobile version