കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വിട്ടയച്ചു; സൈനികന്‍ സുരക്ഷിതനെന്ന് പ്രതിരോധ മന്ത്രാലയം

ശ്രീനഗര്‍: കാശ്മീരില്‍ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വിട്ടയച്ചു. കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്റി റെജിമെന്റിലെ സൈനികന്‍ മൊഹമ്മദ് യാസിം ഭട്ടിനെയാണ് ഭീകരര്‍ വിട്ടയച്ചത്. സൈനികനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതായി വീട്ടുകാരാണ് പോലീസില്‍ പരാതിപ്പെട്ടത്.

പിന്നാലെ, ഇന്നു രാവിലെയോടെ യാസിന്‍ മടങ്ങിയെത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യാസിമിനെ വിട്ടയച്ചത്.

അതേസമയം, സൈനികന്‍ സുരക്ഷിതനാണെന്നും തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത തെറ്റാണെന്നും, ഈ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒരു മാസത്തെ അവധിക്കായി ഫെബ്രുവരി 26നാണ് യാസിം വീട്ടിലെത്തിയത്. പുല്‍വാമ ആക്രമണത്തിനുശേഷം അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കിയ സമയത്താണ് യാസിമിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഔറംഗസീബ് എന്ന പട്ടാളക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ജമ്മുവിലെ പൂഞ്ച് സ്വദേശിയായിരുന്നു അദ്ദേഹം. 2017-ല്‍ കശ്മീരില്‍ ഉമ്മര്‍ ഫയാസ് എന്ന സൈനികനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ഇത് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.

Exit mobile version