പാകിസ്താന്റെ രാഷ്ട്രനയമാണ് തീവ്രവാദം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

അസുന്‍ഷ്യന്‍(പരാഗ്വെ): ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ തീവ്രവാദത്തെ രാഷ്ട്രനയമാക്കി മാറ്റുകയാണ് പാകിസ്താന്‍ ചെയ്തിരിക്കുന്നതെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരാഗ്വെയിലെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിദിന സന്ദര്‍ശനത്തിനായി പരാഗ്വെയിലെത്തിയതാണ് ഉപരാഷ്ട്രപതി.

‘പാകിസ്താനുള്‍പ്പടെ എല്ലാ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് മുമ്പ് പറഞ്ഞിട്ടുണ്ട് നമുക്ക് സുഹൃത്തുക്കളെ മാറ്റാം, പക്ഷെ അയല്‍ക്കാരെ മാറ്റാനാകില്ലെന്ന്. ഇത് മനസില്‍ സൂക്ഷിച്ച് ഇന്ത്യ എന്നും മികച്ച പരിശ്രമമാണ് നടത്തുന്നത്.’-ഉപരാഷ്ട്രപതി പറയുന്നു.

പക്ഷെ, നമ്മുടെ ഒരു അയല്‍രാജ്യം തീവ്രവാദത്തെ അവരുടെ രാഷ്ട്രനയമാക്കി മാറ്റിയിരിക്കുകയാണ്. അവര്‍ തീവ്രവാദികളെ പണം നല്‍കിയും പരിശീലനം നല്‍കിയും പ്രോത്സാഹിപ്പിക്കുകയാണ്. തീവ്രവാദത്തെ തള്ളിപ്പറയാന്‍ ഒരുസാഹചര്യത്തിലും അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പാകിസ്താനെ ലക്ഷ്യം വെച്ച് ഒളിയമ്പെയ്തു.

‘മാനവികതയ്ക്ക് തന്നെ ഭീഷണിയാണ് തീവ്രവാദം. തീവ്രവാദത്തിന് മതമില്ല, ഭ്രാന്തവും നാശവുമാണത്. ലോകത്ത് നിന്നും തന്നെ തീവ്രവാദത്തെ തുടച്ചുനീക്കണം. അതിനായി ലോകസമൂഹം ഒത്തൊരുമിച്ച് നില്‍ക്കുക മാത്രമാണ് പ്രതിവിധിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയ്ക്കകത്തുള്ള തീവ്രവാദത്തെ തുടച്ചുനീക്കാന്‍ രാജ്യം പ്രാപ്തമാണെന്നും, ഒരു തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയപ്പോള്‍ വ്യോമസേന തിരിച്ചടിച്ചത് ഒരു സാധാരണക്കാരനെ പോലും മുറിവേല്‍പ്പിക്കാതെയാണ്. പക്ഷെ, ചിലര്‍ വ്യോമാക്രമണത്തെ സംശയിക്കുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ചാണ് അവരുടെ ആശങ്ക. ആഭ്യന്തരമന്ത്രി പറയുന്നത്, ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്താനില്‍ പോയി കൊല്ലപ്പെട്ടവരുടെ എണ്ണമെടുക്കാവുന്നതാണ് എന്നാണ്. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷെ നിശബ്ദമായി നോക്കി നില്‍ക്കാനാകില്ലെന്നും ഉപരാഷ്ട്രപതി ലാറ്റിനമേരിക്കന്‍ രാജ്യത്തെ സന്ദര്‍ശനത്തിനിടെ പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ പരാഗ്വെ സന്ദര്‍ശന സംഘത്തില്‍ ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അംഗമാണ്. പരാഗ്വെ രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും നാഷണല്‍ കോണ്‍ഗ്രസ് സെനറ്റ് അധ്യക്ഷനുമായും വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തി.

Exit mobile version