ഡല്‍ഹിയില്‍ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം, 9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം. 9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നേരത്തെ എഎപി- കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം എഎപിയുമായി സഖ്യമുണ്ടാകില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയത്.

എംഎല്‍മാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവെന്ന് ഡല്‍ഹി കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര കൊച്ചാര്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യവുമായായിരുന്നു ആം ആദ്മിയുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. സഖ്യത്തിനായി ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. എന്നാല്‍ ആം ആദ്മിയുമായി സഖ്യത്തില്‍ എത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടാണ് സംസ്ഥാന ഘടകം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.

രണ്ടു സീറ്റ് മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസിനോട് ആം ആദ്മി പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഷീലാ ദീക്ഷിത് പ്രഖ്യാപിക്കുകയും ചെയ്തു.

Exit mobile version