നെറ്റിയിലെ തിലകവും കാവിയും ആളുകള്‍ ഭയക്കാന്‍ തുടങ്ങിയത് ബിജെപി കാരണം; കാവി ധരിക്കുമെങ്കിലും ക്രിമിനല്‍ കേസ് പ്രതിയായ ‘ആ മുഖ്യമന്ത്രി’യെ ആരെങ്കിലും ബഹുമാനിക്കുമോ? കുറ്റപ്പെടുത്തലുമായി സിദ്ധരാമയ്യ

ബംഗളൂരു: നെറ്റിയില്‍ തിലകമണിഞ്ഞവരെ സംശയത്തോടേയും ഭയത്തോടേയും ആളുകള്‍ നോക്കി കാണാന്‍ തുടങ്ങിയത് ബിജെപി കാരണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ. ഇതിന് കാരണം ബിജെപി ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതു കൊണ്ടാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി.

‘തിലകവും കാവിയും ഹിന്ദു സംസ്‌കാരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. അതിന് ഒരു പരിശുദ്ധിയുണ്ട്. പക്ഷെ ബിജെപി ഈ ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുയോഗം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആളുകള്‍ ഈ ചിഹ്നങ്ങളെ ഭയക്കാനും സംശയിക്കാനും തുടങ്ങി’- സിദ്ധരാമയ്യ പറയുന്നു.

ഹിന്ദു ചിഹ്നങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. ‘ബിജെപിയില്‍ കാവി ധരിക്കുന്ന, കുറി തൊടുന്ന ഒരു മുഖ്യമന്ത്രിയുണ്ട്, എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ബഹുമാനിക്കുമോ, അദ്ദേഹത്തില്‍ ആത്മീയത കാണുമോ’- സിദ്ധരാമയ്യ തന്റെ ട്വീറ്റില്‍ ചോദിക്കുന്നു.

Exit mobile version