പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുള്ള മോഡി ഈ പാഠഭാഗം വിട്ടുപോയതാണോ? പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദത്തെ ട്രോളി കോണ്‍ഗ്രസ്!

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദത്തെ പരിഹസിച്ചും തിരുത്തിയും കോണ്‍ഗ്രസ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധി ആണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ‘പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുള്ള മോഡി ജീ,നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകള്‍ക്കിടെ ഈ പാഠം പഠിക്കാന്‍ വിട്ടു പോയതാണോ’ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

‘നിങ്ങളുടെ അറിവിലേക്കായി, ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണ്. നിങ്ങള്‍ നിങ്ങളുടെ ചരിത്രാവഗാഹം പരിഷ്‌കരിക്കേണ്ടതുണ്ട്. ഈ പാഠം നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ പഠിക്കാന്‍ വിട്ടു പോയെങ്കില്‍ അറിഞ്ഞു വെച്ചോളൂ’- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഗുജറാത്ത് സര്‍വകലാശാല വിസി എംഎന്‍ പട്ടേല്‍ അവകാശപ്പെടുന്നത് പ്രകാരം 1983ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് നരേന്ദ്ര മോഡി. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ പരസ്യമാക്കാന്‍ മോഡി ഇതുവരെ തയ്യാറായിട്ടല്ല.

തമിഴ്നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോഡി നിര്‍മല ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയാണെന്ന് അവകാശപ്പെട്ടത്. മോഡിയുടെ അബദ്ധം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു.

ആദ്യ വനിതാ പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി 1975ലാണ് സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 1980 ല്‍ വീണ്ടും പ്രതിരോധമന്ത്രിയായിരുന്നു.

Exit mobile version