രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടു; ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും പാകിസ്താന്‍; അതിര്‍ത്തിയില്‍ യുദ്ധസമാന അന്തരീക്ഷം

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. പരസ്പരം പോര്‍വിമാനങ്ങള്‍ പറത്തിയാണ് ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നത്. ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ഇന്ന് രാവിലെ മുതല്‍ പാകിസ്താന്‍ പ്രകോപനപരമായ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബോംബുകള്‍ വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പാക് വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി പാകിസ്താന്‍ രംഗത്തെത്തി. പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെടിവെച്ചിട്ട രണ്ടു വിമാനങ്ങളില്‍ ഒന്ന് വീണത് പാകിസ്താന്‍ അതിര്‍ത്തിയിലാണെന്നും, വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, പാകിസ്താന്‍ ഇന്ത്യന്‍ വിമാനം തകര്‍ത്തെന്ന പേരില്‍ പങ്കുവെച്ചത് പഴയ ഫോട്ടോയാണെന്നും, പരിശീലന പറക്കലിനിടെ ഒഡീഷയില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ യുദ്ധവിമാനത്തിന്റെ ചിത്രമാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version