പാകിസ്താന്റെ ചാരക്കണ്ണുകളെ പോലും വെട്ടിച്ച് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പറന്നത് 50 മൈല്‍! തകര്‍ത്തത് ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സ്ഥിരം താവളം; നാണംകെട്ട് പാകിസ്താന്‍

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം പാകിസ്താന്‍ ചാരക്കണ്ണുകള്‍ അറിഞ്ഞത് എല്ലാം കഴിഞ്ഞതിനു ശേഷമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ കണ്ണില്‍ പെടാതെ 50 മൈല്‍ ഉള്ളില്‍ കടന്നെത്തിയാണ് ഭീകരതാവളങ്ങള്‍ ആക്രമിച്ചത്.

നിരവധി ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ ബാലാക്കോട്ടിലെത്തിയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. ജയ്ഷെ മുഹമ്മദിന്റെ പ്രധാനപ്പെട്ട നേതാക്കളടക്കം നിരവധി ഭീകരരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പരിശീലനം നടത്തുന്ന നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ജയ്ഷെ മേധാവി മസൂദ് അസറും സഹോദരന്‍ ഇബ്രാഹിമും സ്ഥിരമായി എത്താറുള്ള കേന്ദ്രങ്ങളാണ് തകര്‍ന്നത്. തകര്‍ന്നവയില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരതാവളവും ഉള്‍പ്പെടുന്നു.

പാക് അധീന കശ്മീരിലെ ചകോതിയിലും മുസാഫറാബാദിലും മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തി. അതേസമയം, പാകിസ്താനില്‍നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ജയ്ഷെ ക്യാമ്പുകളില്‍ വന്‍പ്രഹരമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Exit mobile version