ഇന്ത്യ ആക്രമണം നടത്തിയ ഇടങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ തന്നെ; നമ്മുടെ സ്ഥലത്ത് നമുക്ക് ബോംബ് വര്‍ഷിക്കാന്‍ അവകാശമുണ്ട്; തിരിച്ചടിച്ച സൈന്യത്തിന് അഭിനന്ദനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തിയില്‍ തിരിച്ചടിച്ച ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ആക്രമണം നടത്തിയ ഇടങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ തന്നെയാണെന്നും പാകിസ്താന്‍ അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന ഇടങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നമ്മുടെ തന്നെ മേഖലകളില്‍ നമുക്ക് ബോംബുകള്‍ വര്‍ഷിക്കാം. അതില്‍ തെറ്റായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി അത് അവരുടെ പ്രദേശമാണെന്ന് അവര്‍ വാദിച്ചാലും സ്വയം പ്രതിരോധമെന്ന നിലയില്‍ നമുക്ക് അവരെ ആക്രമിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യയെ ആയിരം വെട്ടുവെട്ടി മുറിപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ 1000 ബോംബുകള്‍ അവര്‍ക്ക് നേരെ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ്- സുബ്ര്ഹമണ്യന്‍ സ്വാമി ട്വീറ്റില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക് അധിനിവേശ കാശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളങ്ങളില്‍ ബോംബ് വര്‍ഷിച്ച് തകര്‍ത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങളും 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്.

നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ബാലകോട്ട്, ചകോതി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

Exit mobile version